
ന്യൂഡൽഹി: സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനത്തെ വിലയിരുത്തുന്ന സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക(School Education Quality Index - SEQI) നീതി ആയോഗ് പ്രസിദ്ധീകരിച്ചു. 82.17 സ്കോർ നേടിയ കേരളമാണ് പട്ടികയിൽ ഒന്നാമത്. തമിഴ്നാട് (73.35), ഹരിയാണ (69.54) എന്നിവയാണ് തൊട്ടുപിന്നിൽ.
കഴിഞ്ഞ തവണയും പട്ടികയിൽ ഒന്നാമതായിരുന്ന കേരളത്തിന്റെ സ്കോർ 77.64 ആയിരുന്നു. കഴിഞ്ഞ വർഷം അഞ്ചാമതായിരുന്ന കർണാടക ഇത്തവണ 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എട്ടാമതായിരുന്ന ഹരിയാണ അഞ്ച് സ്ഥാനങ്ങൾ മുന്നേറിയാണ് ഇത്തണവണ മൂന്നാമത് എത്തിയത്. ആറ് സ്ഥാനങ്ങൾ മുന്നേറി ഏഴാമതെത്തിയ ഒഡിഷയാണ് ഇത്തവണ വലിയ നേട്ടമുണ്ടാക്കിയ മറ്റൊരു സംസ്ഥാനം.
സ്കൂൾ വിദ്യാഭ്യാസത്തിനായി സംസ്ഥാനങ്ങൾ സ്വീകരിച്ചിരിക്കുന്ന രീതികളുടെ നല്ലതും മോശവുമായ വശങ്ങൾ തിരിച്ചറിയാനും അതുവഴി പുതിയ നിർദേശങ്ങൾ നൽകാനുമായാണ് നിതി ആയോഗ് SEQI തയ്യാറാക്കുന്നത്. പട്ടിക തയ്യാറാക്കുന്നതിന്റെ എളുപ്പത്തിനായി വലിയ സംസ്ഥാനങ്ങൾ (20), ചെറിയ സംസ്ഥാനങ്ങൾ (8), കേന്ദ്രഭരണ പ്രദേശങ്ങൾ (7) എന്നിങ്ങനെ തിരിച്ചിരുന്നു.
ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ത്രിപുരയും കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഢും ഒന്നാംസ്ഥാനം നിലനിർത്തി. ബിഹാർ (37), ജാർഖണ്ഡ്(30.65), അരുണാചൽ പ്രദേശ് (28.42) എന്നിവയാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങൾ.