പീഡന ആരോപണവുമായി മറ്റൊരു കന്യാസ്ത്രീ കൂടി രംഗത്തെത്തിയതോടെ ബിഷപ്പ് ഫ്രാങ്കോ വീണ്ടും വിവാദക്കുരുക്കിൽ. എന്നാൽ സഭാനേതൃത്വം സംരക്ഷിക്കുന്നതു മൂലമാണ് ഫ്രാങ്കോയ്ക്കെതിരെ കൂടുതൽ പേര്‍ പരാതിയുമായി എത്താത്തത് എന്നാണ് കന്യാസ്ത്രീ പീഡനക്കേസിൽ ഫ്രാങ്കോയ്ക്കെതിരെ മൊഴി നല്‍കിയ സി. അനുപമ പറയുന്നത്.
സഭാനേതൃത്വം ഫ്രാങ്കോയെ സംരക്ഷിക്കുന്നതു തുടരുന്നിടത്തോളം കാലം ആര്‍ക്കും പുറത്തു വരാൻ കഴിയില്ലെന്നും സി. അനുപമ പറഞ്ഞു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലവിലുള്ള കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. മഠത്തിൽ വെച്ച് തന്നെ കടന്നു പിടിക്കാൻ ശ്രമിച്ചെന്നും ശരീരഭാഗങ്ങള്‍ കാണിക്കാൻ തന്നെ നിര്‍ബന്ധിച്ചെന്നുമാണ് കന്യാസ്ത്രീയുടെ ആരോപണം.
വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തിയെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ബിഹാറിൽ ജോലി ചെയ്യുകയായിരുന്ന ഈ കന്യാസ്ത്രീ കേരളത്തിലെ ഒരു മഠത്തിലെത്തിയപ്പോഴായിരുന്നു ദുരനുഭവുണ്ടായത് എന്നാണ് മൊഴി.നിലവിലുള്ള ബലാത്സംഗക്കേസിൽ കന്യാസ്ത്രീയുടെ മൊഴിയായി ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യം കന്യാസ്ത്രീ പ്രത്യേക പരാതിയായി നല്‍കിയിട്ടില്ല.
അതുകൊണ്ടു തന്നെ വിഷയത്തിൽ അന്വേഷണം നടത്താനില്ലെന്ന നിലപാടിലാണ് പോലീസ്. ബിഷപ്പ് ഫ്രാങ്കോയെ പേടിച്ചാണ് കന്യാസ്ത്രീ പരാതി നല്‍കാത്തത് എന്നു സൂചനയുണ്ടെങ്കിലും പോലീസ് എന്തുകൊണ്ടാണ് സ്വമേധയാ കേസെടുക്കാത്തത് എന്ന ചോദ്യം ബാക്കിയാണ്.ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പായി തുടരുന്നിടത്തോളം കാലം കന്യാസ്ത്രീകള്‍ എങ്ങനെ പരാതിയുമായി രംഗത്തെത്തും എന്നാണ് പീഡനക്കേസിലെ സാക്ഷിയായ സി. അനുപമ ചോദിക്കുന്നത്.
ഫ്രാങ്കോയെ ഇപ്പോഴും പദവിയിൽ നിന്ന് മാറ്റി നിര്‍ത്തുകയോ പുറത്താക്കുകയോ ചെയതിട്ടില്ലെന്നും സഭാനേതൃത്വം പിന്തുണയ്ക്കുന്നിടത്തോളം കാലം ഫ്രാങ്കോയ്ക്കെതിരെ പരാതി നല്‍കാനാകില്ലെന്നും കന്യാസ്ത്രീകള്‍ പറയുന്നു. ബിഷപ്പിനുള്ള സ്വാധീനം മൂലമാണ് കന്യാസ്ത്രീയ്ക്ക് പരാതി നല്‍കാൻ സാധിക്കാതിരുന്നത് എന്നാണ് സി. അനുപമ ചൂണ്ടിക്കാട്ടുന്നത്.
ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാൻ തനിക്കുമേൽ സമ്മര്‍ദ്ദമുണ്ടെന്നാണ് ഫ്രാങ്കോ പ്രതിയായ പീഡനക്കേസിലെ പ്രധാന സാക്ഷിയായ സി. ലിസി വടക്കേൽ മാധ്യമങ്ങളെ അറിയിച്ചത്. കേസിൽ നിന്ന് പിന്മാറാനായി മഠം അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും തന്നെ ഒറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും സി. ലിസി വടക്കേൽ പറയുന്നു.
കന്യാസ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് ഇവര്‍ക്ക് മുഴുവൻ സമയവും സുരക്ഷയൊരുക്കാൻ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.അതേസമയം, കന്യാസ്ത്രീ പീഡനക്കേസിൽ വിടുതൽ ഹര്‍ജി നല്‍കിയിരിക്കുകയാണ് ബിഷപ്പ് ഫ്രാങ്കോ. വിചാരണ കൂടാതെ തന്നെ കേസിൽ നിന്ന് ഒഴിവാക്കണണെന്ന ആവശ്യപ്പെട്ടുള്ള ഫ്രാങ്കോയുടെ ഹര്‍ജിയിലുള്ള വാദം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ നാലു തവണയും കേസ് പരിഗണിച്ചപ്പോള്‍ ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായിരുന്നില്ല. വിടുതൽ ഹര്‍ജിയ്ക്കെതിരെ പ്രോസിക്യൂഷൻ തടസ്സ ഹര്‍ജിയും ഫയൽ ചെയ്തിട്ടുണ്ട്. അതേസമയം, കോടതി ഹര്‍ജി തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് അഭിഭാഷകര്‍.