ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച പുരുഷ താരമായി സുനില്‍ ഛേത്രിയെ തിരഞ്ഞെടുത്തു. ആശാലതാ ദേവിയാണ് മികച്ച വനിതാ താരം. കഴിഞ്ഞ സീസണില്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
മികച്ച യുവതാരത്തിനുള്ള എമേര്‍ജിങ് പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മലയാളി താരം സഹല്‍ അബ്ദുസമദിനാണ്. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി പുറത്തെടുത്ത പ്രകടനമാണ് സഹലിനെ പുരസ്‌കാരത്തിന് ഇത്തവണ അര്‍ഹനാക്കിയത്. ഇന്ത്യയുടെ അണ്ടര്‍-23 ടീമിലും സീനിയര്‍ ടീമിലും ഈ സീസണില്‍ സഹല്‍ കളിച്ചിട്ടുണ്ട്. ഐ.എസ്.എല്ലിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും സഹലിന് ലഭിച്ചിരുന്നു.
കഴിഞ്ഞ സീസണില്‍ ഇന്ത്യക്കായും ബെംഗളൂരു എഫ്.സിക്കായും പുറത്തെടുത്ത പ്രകടനമാണ് ഛേത്രിയെ മികച്ച താരമായി തിരഞ്ഞെടുക്കാന്‍ കാരണം. മികച്ച വനിതാ യുവതാരം ഡാംഗ്മി ഗ്രേസ് ആണ്. മികച്ച റഫറി ആയി ആര്‍ വെങ്കിടേഷിനേയും അസിസ്റ്റന്റ് റഫറി ആയി ജോസഫ് ടോണിയേയും തിരഞ്ഞെടുത്തു. ഗ്രാസ്‌റൂട്ട് ലെവലില്‍ ഫുട്‌ബോള്‍ വളര്‍ത്തുന്നതിനുള്ള പുരസ്‌കാരം ജമ്മു കശ്മീരിനാണ് ലഭിച്ചത്.