ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ സുരക്ഷിതമായ നിലയിൽ. കഴിഞ്ഞ മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇരട്ടസെഞ്ചുറിയടിച്ച മായങ്ക് അഗർവാൾ അർധസെഞ്ചുറി നേടി ടീമിനെ മുന്നിൽ നിന്നു നയിക്കുകയാണ്. രോഹിത് ശർമ്മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണർമാർ കരുതലോടെയാണ് തുടങ്ങിയത്. 10 ഓവർ നീണ്ടു നിന്ന കൂട്ടുകെട്ട് കഗീസോ റബാഡ തകർത്തു. 14 റൺസെടുത്ത രോഹിത് ശർമ്മയെ റബാഡ ഡികോക്കിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ അഗർവാളിനൊപ്പം ചേതേശ്വർ പൂജാര ഒത്തുചേർന്നു. അനായാസം ബാറ്റ് ചെയ്ത ഇരുവരും വെല്ലുവിളികളില്ലാതെയാണ് സ്കോർ ഉയർത്തിയത്. ഇതിനിടെ അഗർവാൾ തൻ്റെ അരസെഞ്ചുറി കുറിച്ചു.
ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എടുത്തിട്ടുണ്ട്. 52 റൺസെടുത്ത മായങ്ക് അഗർവാളും 29 റൺസെടുത്ത ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു