കോഴിക്കോട് നടന്ന ആവേശകരമായ കേരള പ്രീമിയർ ലീഗിന്റെ ഫൈനലിൽ വമ്പന്മാരും വൈരികളുമായ ഗോകുലം കേരള എഫ്സിയെ വീഴ്ത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം കിരീടത്തിൽ മുത്തമിട്ടത്. പെനല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഗോകുലത്തിനോട് ഏറ്റ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയായി കേരള ബ്ലാസ്റ്റേഴ്സിന് ഈ കിരീടജയം മാറി. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് പുതിയ ചരിത്രം രചിക്കുകയാണ്.

 

 

 

 

   ആദ്യമായി ഒരു സുപ്രധാന കിരീടം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നു. ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് കേരള പ്രീമിയര്‍ ലീഗിന്‍റെ ഫൈനലില്‍ കളിക്കുന്നത്. ആദ്യ പോരാട്ടത്തില്‍ തന്നെ കന്നി കെപിഎല്‍ കിരീടവും ബ്ലാസ്റ്റേഴ്സ് വീട്ടിലെത്തിച്ചു. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സ് സീനിയര്‍ ടീമിന് ഇതുവരെ നടത്താന്‍ സാധിക്കാത്തതാണ് യുവനിര നേടിയെടുത്തത് എന്നതാണ് ഈ കിരീടനേട്ടത്തിലെ പ്രധാനപ്പെട്ട സംഗതി.

 

 

 

    ഈ കാര്യം ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ കിരീട നേട്ടത്തെ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതും.മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ഗോകുലം കേരള ആദ്യ ഗോൾ കണ്ടെത്തി. ബ്യൂട്ടിൻ ആന്റണി നൽകിയ മികച്ച ഒരു പാസ് സ്വീകരിച്ച് ഡാനിയൽ ആണ് ഇടങ്കാലന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചത്. എന്നാൽ കൂടുതല്‍ കരുത്തോടെ ബ്ലാസ്റ്റേഴ്സ് ആക്രമണം നടത്തി. 13ാം മിനുട്ടിൽ ആക്രമണങ്ങള്‍ക്ക് ഫലമുണ്ടായി.

 

 

 

    ഒരു കോർണറിൽ നിന്ന് റൊണാൾഡോ ഒലിവേരയിലൂടെ ബ്ലാസ്റ്റേഴ്സ് സമനില സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായ പങ്കുവഹിച്ച താരമാണ് റൊണാൾഡോ അഗസ്റ്റോ ഒലിവേര.സമനിലയ്ക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 23ആം മിനുട്ടിൽ സാമുവൽ ലിംഗ്ദോഹിലൂടെ ബ്ലസ്റ്റേഴ്സ് ലീഡ് നേടി. ബോക്സിന് തൊട്ടടുത്തായി ലഭിച്ച ഫ്രീകിക്ക് ഒരു കര്‍വി ഷോട്ടിലൂടെ മനോഹരമായി താരം പന്ത് ഫിനിഷ് ചെയ്തു. മൂന്നാം ഗോളിന് അധികം വൈകാതെ ബ്ലാസ്റ്റേഴ്സിന് വഴിയൊരുങ്ങിയെങ്കിലും അത് മുതലാക്കാനായില്ല.

 

 

 

    അത് തിരിച്ചടിയായി. പിന്നാലെ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ഡാനിയൽ ഗോകുലത്തിന് വീണ്ടും സമനില നേടിക്കൊടുത്തു.ഒരു വട്ടം കൈവിട്ടുകളഞ്ഞ ലീഡ് 60ാം മിനുട്ടിൽ ഗോകുലം കേരള തിരിച്ചുപിടിച്ചു. ലാൽമുവൻസോവയുടെ അസാമാന്യമായ ഒരു ഫ്രീകിക്കിലൂടെ ഗോകുലം 3-2ന് മുന്നിലെത്തി. എന്നാല്‍ അപ്പോഴും ലീഡ് അധികനേരം നിലനിര്‍ത്താന്‍ ഗോകുലത്തിന് സാധിച്ചില്ല. റൊണാൾഡോ ഒലിവേരയുടെ മറ്റൊരു ഗംഭീര മുന്നേറ്റം ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ചു.

 

 

 

   മത്സരത്തിന്‍ പൂര്‍ണസമയം പിന്നിട്ടപ്പോള്‍ മൂന്ന് ഗോളുകള്‍ നേടി ഇരുടീമുകളും സമനില പാലിച്ചു.പിന്നാലെ വീണ്ടും അര മണിക്കൂര്‍ മത്സരം. ഇതിന്‍റെ ആദ്യ പകുതിയിൽ ഗോകുലം മികച്ച ഒരു ആക്രമണം നടത്തിയെങ്കില്‍ പന്ത് പോസ്റ്റില്‍ തട്ടി മടങ്ങി.

 

 

 

   എക്സ്ട്രാ ടൈമിലും ആർക്കും സമനില പൊളിച്ച് ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ മത്സരം പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഇവിടെയും സമനില തന്നെ. ഷൂട്ടൗട്ടിൽ ആദ്യ അഞ്ചു കിക്കുകളും ഇരുടീമുകളും ഗോളാക്കി മാറ്റി.

 

 

 

     സഡൻ ഡെത്തിലേക്ക് കടന്ന മത്സരത്തിലെ അവസാന കിക്ക് ഗോകുലത്തിന്‍റെ എമിൽ ബെന്നി പുറത്തേക്ക് അടിച്ച് പറത്തിയതോടെ ബ്ലാസ്റ്റേഴ്സ് കേരള ചാമ്പ്യന്മാരായി.കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന, ചരിത്രത്തിലെ തന്നെ ആദ്യ കിരീടമാണിത്.

 

 

 

കേരള ബ്ലാസ്റ്റേഴ്സിന്‍റെ യുവനിര ആദ്യമായി ബ്ലാസ്റ്റേഴ്സ് കുടുംബത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്ന കേരളത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കിരീടം സ്വന്തമാക്കുമ്പോൾ മതിമറന്ന് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന് വലിയ തരത്തിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

Find out more: