കൃഷ്ണന്റെ ലീലകൾ ആടാൻ എത്തിയിരിക്കുന്നത് അശ്വിൻ സുബുലാൽ ആണ്. നമ്മൾ ഐതിഹ്യത്തിലൂടെ വായിച്ചറിഞ്ഞ കൃഷ്ണന്റെ മൃദു മന്ദഹാസവും, അർത്ഥം വച്ചുള്ള നോട്ടവും, സംസാരവും നടത്തവും അങ്ങനെ അങ്ങനെ എല്ലാം അശ്വിൻ നമുക്ക് മുൻപിൽ എത്തിക്കുന്നുണ്ട്. മിനി സ്‌ക്രീനിൽ അത്ര പരിചയം ഇല്ലെങ്കിലും, അഭിനയത്തോടുള്ള അഭിനിവേശം ആണ് അശ്വിനെ ഈ മേഖലയിലേക്ക് എത്തിച്ചത്. മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം കൃഷ്ണൻ ആയി നിറയുന്ന അശ്വിൻ സമയം മലയാളത്തിലൂടെ വിശേഷങ്ങൾ പങ്കിടുന്നു.2002 ൽ ആണ് നന്ദനം സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. പത്തു പതിനെട്ടു വര്ഷം കഴിഞ്ഞെങ്കിലും ഇന്നും നന്ദനം സിനിമയിൽ നിറഞ്ഞു നിന്ന കൃഷ്ണ ലീലകൾ മലയാളികൾ മറന്നിട്ടുണ്ടാകില്ല. അതേ സിനിമയിലെ കഥാപാത്രങ്ങൾ വീണ്ടും പുനർജനിക്കുമ്പോൾ ഒരുപാട് ദൃശ്യാനുഭവങ്ങൾ ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.



   രണ്ടര മണിക്കൂറുകൾ കൊണ്ട് തീർന്നുപോയ കൃഷ്‌ണ ലീലകൾ ദിവസവും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ നിറയുകയാണ്. ബാലാമണിയും മനുവും, കുമ്പിടിയും കൃഷ്ണൻ നായരും,ഒക്കെ ഉണ്ട് പരമ്പരയിൽ. പ്രത്യേകിച്ചും സാക്ഷാൽ കൃഷ്ണനും! നന്ദനത്തിലെ കാസ്റ്റിങ് ടൈമിൽ ഞാൻ ടിക് ടോക്കിലൂടെയൊക്കെ അത്യാവശ്യം വീഡിയോസ് ഒക്കെ ചെയ്തിരുന്നു. അതിൽ ഞാൻ കൃഷ്ണൻ ആയി എത്തിയ വീഡിയോസ് കുറച്ചു വൈറൽ ആയി മാറുകയും ചെയ്തു. പിന്നെ എന്റെ അച്ഛന്റെ ഒരു ഫ്രണ്ട് ഉണ്ട് മഹേഷ് മാമാമൻ. അദ്ദേഹം നന്ദനത്തിലെ പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക് ചെയ്യുന്നുണ്ട്. പുള്ളിയാണ് എന്നെ നന്ദനത്തിലേക്ക് സജസ്റ്റ് ചെയുന്നത്. നമ്മുടെ പ്രൊഡ്യൂസർ കോഴിക്കോടുകാരൻ ആണ്.



   സംവിധായകൻ രഞ്ജിത്ത് സാറിന്റെ അനുജൻ കൂടിയാണ് അദ്ദേഹം. സജസ്റ്റ് ചെയ്ത സമയത്താണ് അദ്ദേഹം എന്റെ വീഡിയോസ് കാണുന്നതും ഓഡിഷൻ ഒന്നും ഇല്ലാതെ തന്നെ എന്നെ കൃഷ്ണൻ ആയി തെരെഞ്ഞെടുക്കുന്നതും. ഞാനും എന്റെ അമ്മയും ഏറ്റവും കൂടുതൽ അടി കൂടിയ വിഷയം ആയിരുന്നു മലയാളം. അക്ഷരത്തെറ്റുകളും ഉച്ഛാരണവും ഒകെ എപ്പോഴും പ്രശ്നം ആയിരുന്നു. പക്ഷേ ഇപ്പോൾ മലയാളം ഒരു വിഷയം അല്ല. എല്ലാം ദൈവ ഹിതമായി ഞാൻ കരുതുന്നു. കഥാപാത്രം ഏറ്റെടുത്തപ്പോൾ ടെൻഷൻ ഉണ്ടായിരുന്നില്ല. പക്ഷെ നോർത്ത് ഇന്ത്യൻ ആയി എന്നെ ചിത്രീകരിച്ചപ്പോൾ പ്രേക്ഷകർക്ക് വേഗം അക്സപ്റ്റ് ചെയ്യാൻ ഒരു മടി ഉണ്ടായിരുന്നു. അപ്പോൾ മോശം കമന്റുകൾ ഒക്കെ കണ്ടപ്പോൾ അൽപ്പം ടെൻഷൻ ഒക്കെ തോന്നി. പക്ഷെ ഇപ്പോൾ പ്രേക്ഷകർ എന്നെ സ്വീകരിച്ചു തുടങ്ങി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്.ഒരു മുന്നൊരുക്കവും ഞാൻ നടത്തിയിട്ടില്ല. സത്യം പറഞ്ഞാൽ ഞാൻ ആദ്യമായിട്ടാണ് അഭിനയത്തിലേക്ക് കടക്കുന്നത്.. പിന്നെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മുൻപോട്ട് പോവുകയാണ്. 


  എനിക്ക് അത്ര മലയാളം വശം ഇല്ലാത്ത ആളാണ്. എന്റെ വീട്ടുകാർ തന്നെ ഞെട്ടിയിരിക്കുകയാണ് എങ്ങനെ ആണ് ഇത്ര കട്ടിയുള്ള ഡയലോഗുകൾ മുൻപോട്ട് കൊണ്ട് പോകുന്നു എന്നോർത്ത്. ഒപ്പം ഞാൻ അത്യവശ്യം വരക്കുന്ന ആളാണ്. ആ വരയിലേക്ക് പോയി.ഫ്രീലാൻസ് ആയി വർക്ക് ചെയ്യാനും തുടങ്ങി. എനിക്ക് അടച്ചുപൂട്ടിയിട്ട ഒരു മുറിയിൽ നിന്നും വർക്ക് ചെയ്യാൻ ആകും എന്ന് എനിക്ക് തോന്നിയില്ല. കളർഫുള്ളായ ലോകത്താണ് എനിക്ക് നില്ക്കാൻ താത്പര്യം. ടിക് ടോകിലൂടെയാണ് സത്യത്തിൽ പരമ്പരയിലേക്ക് എത്തുന്നതും. അഭിനയം മാത്രമല്ല. ഞാൻ പഠിച്ചത് ബി എസ്‌സി കമ്പ്യൂട്ടർ സയൻസ് ആണ്. 


 അത് കഴിഞ്ഞിട്ട് എംഎസ്‌സി അത് പകുതിക്കുവച്ചു ഞാൻ ജോലി നോക്കാൻ തുടങ്ങി. പിഎച്ച്പി ഡെവലപ്പർ ആയിട്ട്.പക്ഷെ ആ മേഖല എനിക്ക് പറ്റിയതായി തോന്നിയില്ല. അതേസമയം ചെറുതായിട്ട് ഈ ബാഹുബലി പോലെയുള്ള കഥാപാത്രങ്ങൾ, അതൊക്കെ ചെയ്യാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കലാപരമ്പര്യം ഉള്ള കുടുംബം ഒന്നും അല്ല എന്റേത്. അമ്മ മലയാളം പ്രഫസർ ആയിരുന്നു. അച്ഛൻ റോയൽ എൻഫീൽഡ് മെക്കാനിക്കും ചേച്ചി ചാർട്ടേർഡ് അകൗണ്ടന്റും ആണ്. പിന്നെ ഞാൻ പറഞ്ഞല്ലോ എന്റെ ഇഷ്ടങ്ങൾ വ്യത്യസ്തം ആണ്. കുടുംബം തന്ന പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ ഇവിടെ വരെ എത്തി നിൽക്കുന്നത്.

Find out more: