ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത് പരിഗണനയിലെന്നു ലോക്സഭാ സ്പീക്കർ ഓം ബിർല. പുതിയ പാർലമെന്റ് മന്ദിരം വേണമെന്ന ആവശ്യം പൊതുവെയുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ഓം ബിർല പറഞ്ഞു. ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ മന്ദിരം നിർമിക്കുന്നതു സംബന്ധിച്ചു പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെയുള്ള ആളുകളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി വിവിധ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. നിലവിലെ പാർലമെന്റ് മന്ദിരം നവീകരിക്കുന്നതിനും പദ്ധതിയുണ്ട്– സ്പീക്കർ പറഞ്ഞു. 75ാം സ്വതന്ത്ര്യദിനത്തോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പുതിയ ഇന്ത്യ’ എന്ന ആശയത്തില്‍, പാര്‍ലമെന്റ് മന്ദിരത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നതും ആധുനികവൽകരിക്കുന്നതും കൂടി ഉള്‍പ്പെടുത്തണമെന്നു കഴിഞ്ഞ ദിവസം അവസാനിച്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു.
വാർത്താസമ്മേളനത്തിൽ, ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തെക്കുറിച്ചും സ്പീക്കർ വാചാലനായി. സമ്മേളനത്തിനിടെ ലോക്സഭയുടെ നടപടി ഒരു തവണ പോലും നീട്ടിവച്ചില്ല. അതിന്റെ ഫലമായി, നിശ്ചിത സമയത്തേക്കാൾ 72 മണിക്കൂർ കൂടുതൽ സമയം സഭ ചേരാനായി. ഇതു 12 സിറ്റിങ്ങുകളുടെ പ്രവർത്തനത്തിനു തുല്യമാണ്. തുടർ സമ്മേളനങ്ങളിലും എല്ലാ കക്ഷികളുമായി കൂടിച്ചേർന്നു നടപടികൾ തടസ്സമില്ലാതെ നടക്കുമെന്ന് ഉറപ്പാക്കാൻ പരമാവധി ശ്രമിക്കും.