നെടുമങ്ങാട്: കരകുളം പഞ്ചായത്തിൽ ഇനി വൈദ്യുതി മുടക്കം ഉണ്ടാവില്ല. ഓഫീസ് ആവശ്യങ്ങൾക്കായി സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായി പഞ്ചായത്ത് ഓഫീസിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചിരിക്കയാണ് പഞ്ചായത് അധികൃതർ . എട്ട് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പ്ലാന്റിൽ നിന്നും പ്രതിദിനം യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 10 കിലോവാട്ടാണ് ആകെ സംഭരണ ശേഷി.
പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന എൽഎസ്ജിഡി, എൻജിനിയറിംഗ് വിഭാഗം വിഇഒ, കുടുംബശ്രി, തൊഴിലുറപ്പ് വിഭാഗം ഓഫീസ് എന്നിവയ്ക്കു പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി ഈ പാനലിലൂടെ ലഭിക്കും. വൈദ്യുതി ഉത്പാദനത്തിന് സ്വന്തം മാർഗങ്ങൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കരക്കുളം പഞ്ചായത്ത് പദ്ധതി പ്രാവർത്തികമാക്കിയത്. ഊർജ സംരക്ഷണം സൗരോർജത്തിലൂടെ എന്ന ആശയമാണ് പദ്ധതിയിലൂടെ കരക്കുളം പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. അധികമായി വരുന്ന വൈദ്യുതി കെഎസ്ഇബിയ്ക്ക് നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റെ് എം.എസ് അനില പറഞ്ഞു.