മരടിലെ ഫ്ലാറ്റുകള്‍ തകര്‍ക്കുന്ന സ്ഫോടനം മിക്കവാറും രാവിലെയാകുമെന്ന് സൂചന. കാറ്റ് കുറവുള്ള സമയം എന്ന നിലയ്ക്കാണിത്. ആറു മണിക്കൂര്‍ മുമ്പേ സമീപവാസികളെ ഒഴിപ്പിക്കും. ഗതാഗതവും തടയേണ്ടതിനാല്‍ തിരക്ക് കുറവുള്ള സമയമാകും പരിഗണിക്കുക. കാലാവസ്ഥ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക. താഴെ മുതല്‍ അഞ്ച് നില വരെയാകും സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുക. മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പൊട്ടിക്കും. താഴെ നിന്ന് പൊട്ടിത്തുടങ്ങുന്നതിനാല്‍ കെട്ടിടം നേരേ താഴേക്ക് പതിക്കുമെന്നാണ് കണക്കുകൂട്ടല്‍. പൊളിക്കുന്ന ഏജന്‍സികള്‍ക്ക് മൈനിങ് എന്‍ജിനീയര്‍മാര്‍ ഒപ്പമുണ്ടാകണം. കൊച്ചിയില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ വാങ്ങാന്‍, സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി അനുമതി നല്‍കിയിട്ടുണ്ട്.പ്രത്യേക വാഹനങ്ങളിലാകും ഇത് കൊണ്ടുവരിക. ഏജന്‍സികളുടെ സാങ്കേതിക വിദഗ്ദ്ധരില്‍ ഷോട്ട് ഫയററും (പെസോയുടെ ലൈസന്‍സുള്ളയാള്‍) ബ്ലാസ്റ്റേഴ്‌സും (മൈന്‍സ് ഡയറക്ടറേറ്റിന്റെ ലൈസന്‍സുള്ളയാള്‍) വേണം. സ്ഫോടനമുണ്ടാക്കുന്ന കമ്പനം (വൈബ്രേഷന്‍) പഠിക്കാന്‍ ഏജന്‍സികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഏറ്റവും അപകട സാധ്യത കുറഞ്ഞ കെട്ടിടമാകും ആദ്യം തകര്‍ക്കുക. ഇത് ആളുകളില്‍ വിശ്വാസം ഉണ്ടാക്കും. സമീപത്ത് പൈതൃക കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ ഇവ പ്രത്യേകം പരിരക്ഷിക്കും. തദ്ദേശ വകുപ്പ്, പി.ഡബ്ല്യു.ഡി. എന്നിവയുടെ എന്‍ജിനീയര്‍മാരാകും ഇതിന് നേതൃത്വം നല്‍കുക. സമീപവാസികള്‍ക്കായി നൂറുകോടി രൂപയുടെ 'തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്' ആലോചിക്കുന്നുണ്ട്. സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്