
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസ് അന്വേഷണ സംഘത്തലവനെ മാറ്റി. ഡിവൈഎസ്‌പി അശോക് കുമാറിനെയാണ് അന്വേഷണത്തിന്റെ നേതൃത്വത്തിൽ നിന്ന് മാറ്റിയത്. എഎസ്ഐ ഇസ്‍മയിലിനെയും സംഘത്തിൽ നിന്ന് ഒഴിവാക്കി. പ്രതികളായവർക്ക് വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇസ്‍മയിലിനെ പുറത്താക്കിയത്.
ഇസ്‍മയിലിനെ വിജിലൻസ് വകുപ്പിൽ നിന്ന് തന്നെ ഒഴിവാക്കിയതെയാണ് വിവരം. ഡിവൈഎസ്‌പി അശോക് കുമാർ അന്വേഷണത്തിൽ അലംഭാവവും വീഴ്‌ചയും വരുത്തിയതായാണ് കണ്ടെത്തൽ. അന്വേഷണം തടസപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചതായാണ് കണ്ടെത്തൽ. ഡിവൈഎസ്‌പി ശ്യാംകുമാറിനാണ് അന്വേഷണത്തിന്റെ പുതിയ ചുമതല.
അശോക് കുമാർ അന്വേഷണത്തിൽ വീഴ്ച വരുത്തിയെങ്കിൽ ശക്തമായ നടപടിയുണ്ടാകണമെന്ന ആവശ്യം ഉയരുന്നുണ്ട്. അതിനിടെ, ഇരുവരെയും മാറ്റിയത് സർക്കാർ നടപടിയിൽ ആരോപണം ഉയരുന്നുണ്ട്. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് അടക്കം നാല് പേരാണ് അഴിമതി കേസിൽ അറസ്റ്റിലായിരിക്കുന്നത്.
കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, നിര്‍മ്മാണ കമ്പനി എം.ഡി സുമിത് ഗോയല്‍ ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരെയാണ് സൂരജിനൊപ്പം അറസ്റ്റ് ചെയ്തത്. വഞ്ചന, അഴിമതി, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. കിറ്റ്‌കോ മുൻ എംഡി ബെന്നി പോളിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ടി.ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു. ആ കാലത്താണ് പാലത്തിന് കരാർ നൽകിയത്. എന്നാൽ, താൻ നിരപരാധിയാണെന്നും മന്ത്രിസഭാ തീരുമാനമനുസരിച്ച് ഉത്തരവ് ഇറക്കുക മാത്രമാണ് ചെയ്തതെന്നും സൂരജ് പറഞ്ഞിരുന്നു. സർക്കാർ അനുവദിച്ച 42 കോടി രൂപ പാലത്തിന്റെ നിർമാണത്തിനായി ചെലവഴിച്ചില്ല.
കുറഞ്ഞ ചെലവിൽ പാലം നിർമിക്കാനായി ഡിസൈൻ ഉൾപ്പടെയുള്ളവ മാറ്റിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. 30 കോടിയോളം രൂപ മാത്രമാണ് പാലത്തിന്റെ നിർമാണത്തിനായി ചെലവഴിച്ചതെന്ന് വിജിലൻസ് കണ്ടെത്തി.മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല കഴിഞ്ഞ യുഡിഎഫ് സർക്കാർ നൽകിയത്.