ഐഫോണിന്റെ പുത്തൻ ടെക്നോളജിയിലൂടെ മാസ്ക് എത്തി. ഒടുവിൽ ആപ്പിളിന്റെ മാസ്കും എത്തി. ബ്ലൂടൂത്തും, വയർലെസ്സ് ഹെഡ്‍ഫോണുമുള്ള ഹബ്ബിൾ കണക്ടഡിൻ്റെ മാസ്‌ക്‌ഫോൺ അല്ലെങ്കിൽ എൽജിയുടെ പ്യൂരികെയർ മാസ്ക് എന്നിവയെ കടത്തിവെട്ടാൻ പാകത്തിനുള്ള ഹൈടെക് മാസ്കാണ് ആപ്പിളിൽ നിന്നും എത്തിയത് എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി.   അൺബോക്‌സ് തെറാപ്പി എന്ന് പേരുള്ള യൂട്യൂബ് പേജിൽ ആണ് ആപ്പിൾ മാസ്കിനെപ്പറ്റിയുള്ള വിശദവിവരങ്ങൾ അടുത്തിടെ പുറത്ത്‌ വിട്ടത്. മൂന്ന് ലെയർ ഫിൽട്രേഷനുള്ള മാസ്ക് ആണ് ആപ്പിൾ മാസ്ക് എന്ന് യൂട്യൂബർ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.ആപ്പിളിന് എന്തുപറ്റി എന്നാലോചിച്ച് തലപുണ്ണാക്കേണ്ട. യഥാർത്ഥത്തിൽ പൊതുജനങ്ങൾക്കയല്ല മറിച്ച് തങ്ങളുടെ ജീവനക്കാർക്ക് വേണ്ടിയാണ് ആപ്പിൾ മാസ്ക് തയ്യാറാക്കിയിരിക്കുന്നത്.



 വിപണിയിൽ സാധാരണ ലഭിക്കുന്ന വീണ്ടും ഉപയോഗിക്കാവുന്ന മാസ്കിന്റെ വള്ളിയേക്കാൾ ശക്തമാണ് ആപ്പിൾ മാസ്കിന്റെ വള്ളി എന്ന് യൂട്യൂബർ പറയുന്നുണ്ട്. മാത്രമല്ല, ചെവികൾക്ക് പുറകിലായി കൊരുത്തിടുന്നത്‌ കൂടാതെ ഒരു ക്ലിപ്പ് വഴി തലയ്ക്ക് പുറകിലായി വള്ളികൾ തമ്മിൽ ബന്ധിപ്പിക്കാം. ഇത് കൂടുതൽ സുരക്ഷ ഒരുക്കുന്നു.ഒരു പ്രാവശ്യത്തിൽ കൂടുതൽ ഉപയോഗിക്കാവുന്ന അഞ്ച് മാസ്കുകളുടെ ഒരു സെറ്റ് ആയാണ് ആപ്പിൾ മാസ്കിന്റെ പാക്കിങ്. മാസ്കിന്റെ 3 പീസ് ഡിസൈൻ മുക്കും, താടിയുടെ അടിഭാഗവും നന്നായി മൂടും വിധമാണ്.



 അണുക്കളെ പ്രതിരോധിക്കുന്നതിൽ ആപ്പിൾ മാസ്ക് എത്രത്തോളം ഫലപ്രദമാണ് എന്ന് വ്യക്തമല്ലെങ്കിലും ഒരു വശത്ത് നിന്നും ഊതിയാൽ മറുവശത്തേക്ക് കാറ്റ് കടക്കാതെ മാസ്ക് തടഞ്ഞ് നിർത്തും എന്നും യൂട്യൂബർ വ്യക്തമാക്കുന്നുണ്ട്.ഓരോ മാസ്കും 5 തവണ (ഓരോ ഉപയോഗത്തിലും 8 മണിക്കൂർ വരെ) വീണ്ടും ഉപയോഗിക്കാം എന്ന് പാക്കിൽ വ്യക്തമാക്കുന്നുണ്ട്. 8 മണിക്കൂർ ഉപയോഗത്തിന് ശേഷം കഴുകി ഉപയോഗിക്കണം എന്ന് മാത്രം.



  അതേസമയം, ആപ്പിൾ മാസ്‌കോ, ക്ലിയർമാസ്‌കോ പൊതുജനങ്ങൾക്ക് ലഭ്യമാവുമോ എന്നതിനെപ്പറ്റി ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.ആപ്പിൾ മാസ്ക് കൂടാതെ ക്ലിയർമാസ്ക് എന്ന പേരിൽ മറ്റൊരു മാസ്കും തങ്ങളുടെ ജീവനക്കാർക്കായി ആപ്പിൾ തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കൻ ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരമുള്ള ക്ലിയർമാസ്ക് സുതാര്യമാണ്. കേൾവികുറവുള്ളവർക്ക് ലിപ് റീഡിങ് ചെയ്യാൻ പാകത്തിനാണ് ക്ലിയർമാസ്ക് തയ്യാറാക്കിയിരിക്കുന്നത്.

Find out more: