ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് R15B02W, R14B02W എന്നീ കോഡ് നാമങ്ങളിൽ എംഐ, പോക്കോ ബ്രാൻഡിങ്ങിലുള്ള 2 ലാപ്ടോപ്പ് മോഡലുകളാണ് ഇന്ത്യയ്ക്കായി തയ്യാറാവുന്നത്. അടിസ്ഥാന മോഡൽ 3 പതിപ്പുകളിലും, ഹൊറൈസൺ എന്ന പ്രീമിയം മോഡൽ 2 പതിപ്പുകളിലും ലഭ്യമാണ്. 41,999 രൂപ മുതൽ എംഐ നോട്ട്ബുക്ക് 14 സീരീസിൻ്റെയും 54,999 രൂപ മുതൽ ഹൊറൈസൺ എഡിഷന്റെയും വിലകൾ ആരംഭിക്കുന്നു.ഈ വർഷം ജൂണിലാണ് ഷവോമിയുടെ ലാപ്ടോപ്പ്, എംഐ നോട്ട്ബുക്ക് 14 സീരീസ്, ഇന്ത്യൻ വിപണിയിലെത്തിയത്. അലിസ്പ്രെസ്സ് റേറ്റിംഗ് അനുസരിച്ച് R15B02W കോഡ് നാമമുള്ള ലാപ്ടോപ്പ് മിക്കവാറും ചൈനയിൽ വില്പനയിലുള്ള ഷവോമി എംഐ നോട്ടുബുക്ക് പ്രോ 15 ആയിരിക്കും. R14B02W മിക്കവാറും ഇതേ ലാപ്ടോപിന്റെ 14 ഇഞ്ച് സ്ക്രീൻ പതിപ്പും.
പോക്കോ ബ്രാൻഡിൽ വില്പനക്കെത്തുന്ന ലാപ്ടോപ്പിനെപ്പറ്റിയുള്ള മറ്റുള്ള വിവരങ്ങൾ ഇപ്പോൾ വ്യക്തമല്ല.അതേസമയം മൊബൈൽ ഫോൺ സെഗ്മെന്റിൽ പോക്കോയുടെ എതിരാളികളിലൊരാളായ നോക്കിയയും അടുത്തിടെ ലാപ്ടോപ്പ് വിപണിയിലെത്തി. നോക്കിയയുടെ ആദ്യ ലാപ്ടോപ്പ് പ്യൂർബുക്ക് X14 ഈ മാസം 14-നാണ് വില്പനക്കെത്തിയത്. 59,990 രൂപയാണ് വില. മാറ്റ് ബ്ലാക്ക് നിറത്തിൽ മാത്രമേ പ്യൂർബുക്ക് X14 വാങ്ങാൻ സാധിക്കൂ. വിൻഡോസ് 10 ഹോം പ്ലസ് പ്രീ ഇൻസ്റ്റാൾ ചെയ്തതാണ് നോക്കിയ പ്യൂർബുക്ക് X14 വിപണിയിലെത്തിയിരിക്കുന്നത്.
ഡോൾബി വിഷനുള്ള 14 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിന്. 1.6GHz ബേസ് ഫ്രീക്വൻസിയും 4.2GHz ടർബോ ഫ്രീക്വൻസിയുമുള്ള ഇന്റൽ കോർ i5 10-ജെൻ പ്രോസസറാണ് നോക്കിയ പ്യൂർബുക്ക് X14-ന് കരുത്ത് പകരുന്നത്. 1.1GHz ടർബോ സ്പീഡുള്ള ഇന്റഗ്രേറ്റഡ് ഇന്റൽ യുഎച്ച്ഡി 620 ഗ്രാഫിക്സാണ് ലാപ്‌ടോപ്പിന്. 8 ജിബി ഡിഡിആർ 4 റാമും 512 ജിബി എൻവിഎം എസ്എസ്ഡിയും ഹാർഡ് ഡ്രൈവുമാണ് നോക്കിയ പ്യൂർബുക്ക് X14-ന്. പൂർണമായും ചാർജ് ചെയ്താൽ നോക്കിയ പ്യൂർബുക്ക് X14-ന് എട്ട് മണിക്കൂർ വരെ പ്രവർത്തിക്കും. 65W ചാർജറുമായാണ് നോക്കിയ പ്യൂർബുക്ക് X14 വില്പനക്കെത്തിയിരിക്കുന്നത്.