ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ എങ്ങനെയാണ് തങ്ങൾ ശേഖരിക്കുക എന്നും നോട്ടിഫിക്കേഷനിലെ ലിങ്കിൽ അമർത്തിയാൽ കൂടുതൽ വ്യക്തമാവും. ട്രാൻസാക്ഷൻ & പേയ്മെന്റ്സ്, കണക്ഷൻസ്, മീഡിയ, ഡിവൈസ്, കണക്ഷൻ ഇൻഫർമേഷൻ, ലൊക്കേഷൻ ഇൻഫർമേഷൻ എന്നിങ്ങനെ വാട്സാപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള അനുമതിയാണ് പുത്തൻ സേവന നിബന്ധനകളും സ്വകാര്യതാ നയവും ആവശ്യപ്പെടുന്നത്.ആൻഡ്രോയിഡ്, ഐഓഎസ് ഡിവൈസുകളിൽ വാട്സാപ്പ് ഉപയോക്കുന്നവർക്ക് ഓക്കേ ബട്ടനുള്ള ഫുൾ-സ്ക്രീൻ നോട്ടിഫിക്കേഷൻ ആയാണ് പുത്തൻ സേവന നിബന്ധനകളിലും സ്വകാര്യതാ നയവും അവതരിപ്പിച്ചിരിക്കുന്നത്. പുത്തൻ സ്വകാര്യതാ നയത്തിലും സേവന നിബന്ധനകളിലും ഏറ്റവും ശ്രദ്ധേയമായ കാര്യം ഫേസ്ബുക്കുമായും അതിന്റെ അനുബന്ധ സേവനങ്ങളുമായും (മെസ്സഞ്ചർ, ഇൻസ്റ്റാഗ്രാം) വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ പങ്കിടും എന്നുള്ളതാണ്. ഇത് കൂടാതെ തേർഡ് പാർട്ടി കമ്പനികൾക്ക് ചില സാഹചര്യങ്ങളിൽ ഉപഭോക്താക്കളെപ്പറ്റിയുള്ള വിവരങ്ങൾ വാട്സാപ്പ് കൈമാറും.
ഉദാഹരണത്തിന്, സേവന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വാട്സാപ്പ് ബന്ധപ്പെടുന്ന ആപ്ലിക്കേഷൻ സ്റ്റോറുകൾ ഉപഭോക്താക്കളുടെ വിവരങ്ങൾ നൽകിയേക്കാം എന്നും നയത്തിൽ പറയുന്നു.തങ്ങളുടെ ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇഷ്ടങ്ങളും രീതികളും മനസ്സിലാക്കി ഓരോ ഉപഭോക്താക്കൾക്കും പ്രത്യേകം സേവനങ്ങൾ കസ്റ്റമൈസ് ചെയ്യുന്നതിനാണ് വിവരശേഖരണം എന്നാണ് വാട്സാപ്പിന്റെ വിശദീകരണം. പുത്തൻ നിബന്ധനകൾ അംഗീകരിച്ചേ പറ്റൂ. 2021 ഫെബ്രുവരി 8 മുതലാണ് പുത്തൻ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. തുടർന്ന് പുത്തൻ നിബന്ധനകൾ അംഗീകരിക്കാത്തവരുടെ വാട്സാപ്പ് അക്കൗണ്ടിന്റെ പ്രവർത്തനം നിലച്ചേക്കും.കഴിഞ്ഞ വർഷവും പുത്തൻ സേവന നിബന്ധനകളും സ്വകാര്യതാ നയവും വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. പക്ഷെ ഉപയോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കിടാതിരിക്കാനുള്ള ഓപ്ഷൻ നൽകിയിരുന്നു. എന്നാൽ ഇത്തവണ ഈ സംവിധാനമില്ല.