
റിമോട്ട് (വിദൂര) ചാർജിങ് ആണ് എംഐ എയർ ചാർജ് സാങ്കേതികവിദ്യയുടെ ഹൈലൈറ്റ്. ഷവോമി വികസിപ്പിച്ചെടുത്ത ചാർജിങ് ടവർ ആണ് ഈ സാങ്കേതിക വിദ്യയിലെ പ്രധാന ഘടകം. അതായത് നിങ്ങളുടെ സ്മാർട്ട്ഫോൺ ഈ ടവരുമായി കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ പരിധിക്കുള്ളിൽ വന്നാൽ ചാർജ് കുറവാണെങ്കിൽ തനിയെ സ്മാർട്ട്ഫോൺ ചാർജ് ആവും. നിങ്ങൾ ഫോൺ വിളിക്കുകയോ, സിനിമ കാണുകയോ, ഗെയിം കളിക്കുകയോ ചെയ്യുകയാണെങ്കിൽ ഈ പ്രവർത്തിയെ ഒന്നും തടസ്സപ്പെടുത്താതെ ബാക്ക്ഗ്രൗണ്ടിലാണ് ചാർജിങ് നടക്കുക. ഈ സമയത്ത് ഫോൺ ഉപയോഗിക്കാതെ ഇരിക്കുകയും വേണ്ട എന്നതാണ് സൗകര്യം.
ഈ ടവർ വീടുകളിൽ സ്ഥാപിച്ചാൽ ടവറിന്റെ 7 മീറ്റർ പരിധിയിൽ പെയർ ചെയ്ത ഏതു ഇലക്ട്രോണിക് ഡിവൈസ് എത്തിയാലും തനിയെ ചാർജ് ആവും. ബീക്കൺ ആന്റിന എന്ന് പേരുള്ള ഈ ആന്റിനകൾ ഡിവൈസുകളിൽ ചാർജ് കുറവാണ് എന്നുള്ളത് സെൻസ് ചെയ്‌ത് ചാർജ് മില്ലിമീറ്റർ-വൈഡ് തരംഗങ്ങൾ വഴി ചാർജ് ചെയ്യും. ഒരേസമയം ഒന്നിൽ കൂടുതൽ ഡിവൈസുകൾ ചാർജ് ചെയ്യാവുന്ന വിധമാണ് എംഐ എയർ ചാർജ് ടവർ ഒരുക്കിയിരിക്കുന്നത്. എംഐ എയർ ചാർജ് ടവറിൽ സ്ഥാപിച്ചിരിക്കുന്ന 144-ഓളം ആന്റിനകളാണ് മില്ലിമീറ്റർ-വൈഡ് തരംഗം പുറത്തുവിടുക.
കൂടാതെ എംഐ എയർ ചാർജ് തത്കാലം ഒരു പ്രോട്ടോടൈപ്പ് മോഡൽ മാത്രമാണ്. പ്രായോഗിക മാറ്റങ്ങളോടെ എംഐ എയർ ചാർജ് വിപണിനിയിലെത്താൻ ഇനിയും സമയം പിടിക്കും എന്ന് ഷവോമി വക്താവ് വ്യക്തമാക്കി. ചാർജിങ് സാങ്കേതിക വിദ്യയിൽ കാതലായ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഷവോമി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 80W ഫാസ്റ്റ് വയർലെസ്സ് ചാർജിങ് സാങ്കേതിക വിദ്യയാണ് ഷവോമി പരിചയപ്പെടുത്തിയത്.