
എസ്.പി.ബിയുടെ ആരോഗ്യ നില മോശമാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നടന്‍ കമല്‍ഹാസന്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യനില മോശമാണെന്നും കുടുംബം പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.കൊവിഡ് ബാധിച്ച് ഓഗസ്റ്റ് 5 നാണ് അദ്ദേഹത്തെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യം വഷളാവുകയായിരുന്നു. എംജിഎം ഹെല്‍ത്ത് കെയറിലെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലായിരുന്നു ഗായകന്‍.ആന്ധ്രായിലെ നെല്ലൂരിനടുത്തുള്ള കൊനോട്ടംപേട്ടയെന്ന ഗ്രാമത്തിൽ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1946 ജൂൺ നാലിനാണ് എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ജനനം.
പ്രമുഖ ഹരികഥാ കലാകാരനായിരുന്ന എസ് പി സമ്പാമൂര്‍ത്തിയുടേയും ശകുന്തളാമ്മയുടേയും മകനായാണ് ജനനം. രണ്ട് സഹോദരന്മാരും അഞ്ച് സഹോദരന്മാരുമാണ് അദ്ദേഹത്തനുള്ളത്. ഗായിക എസ്.പി ശൈലജ സഹോദരിയാണ്. സാവിത്രിയാണ് അദ്ദേഹത്തിന്‍റെ ഭാര്യ. പല്ലവി, എസ്.പി.ബി ചരൺ എന്നിവരാണ് മക്കള്‍.ഇളയരാജ, ഗംഗൈ അമരൻ, അനിരുദ്ധ എന്നിവരോടൊപ്പം ഒരു സംഗീത ട്രൂപ്പിന്‍റെ ഭാഗമായിരുന്നു. ഇതിഹാസ ഗായകനായിരുന്ന പി.ബി ശ്രീനിവാസിന്‍റെ സഹായത്തോടെയാണ് അദ്ദേഹം സിനിമയിലേക്ക് കടന്നുവന്നത്.
1967 ല്‍ റിലീസ് ചെയ്ത ശ്രീശ്രീശ്രീ മര്യാദരാമണ്ണയാണ് എസ് പി ബി പാടിയ ആദ്യ ചിത്രം. സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്.ശ്രീപതി പണ്ഡിതരദുല്യ ബാലസുബ്രഹ്മണ്യം എന്നാണ് മുഴുവൻ പേര്. പിതാവ് തന്നെയായിരുന്നു ആദ്യ ഗുരു.
ഹാര്‍മോണിയവും ഓടക്കുഴലുമൊക്കെ വായിക്കാന്‍ പഠിപ്പിച്ചതും പിതാവ് തന്നെയാണ്. അനന്തപൂരിലെ ജെഎൻടിയു എഞ്ചിനീയറിംഗ് കോളേജിൽ പഠനത്തിനായി ചേർന്നെങ്കിലും ടൈഫോയിഡ് ബാധിതനായതോടെ പഠനം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ചെന്നൈ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സിൽ അസോസിയേറ്റ് മെമ്പറായി പഠനം ആരംഭിക്കുകയായിരുന്നു. ഈ സമയത്ത് തന്നെ തന്‍റെ സംഗീത അഭിരുചിയിലൂടെ അദ്ദേഹം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.