മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഹൈദരാബാദിൽ യുവതിയെ ട്രക്ക് ഡ്രൈവറും സഹായികളും ചേർന്ന് ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നതെന്ന് പൊലീസ്. രാത്രിയാത്രയ്‍ക്കിടെ സ്കൂട്ടർ കേടായപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറെപീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
ഔട്ടർ റിങ് റോഡിലെ അടിപ്പാതയിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ കൊലപാതകം നടത്തിയ നാല് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും ഇരുപതു വയസ്സുള്ള മൂന്ന് യുവാക്കളുമാണ് പ്രതികള്‍. യുവതി ബുധനാഴ്ച വൈകീട്ട് നവാബ്പേട്ടിലെ ക്ലിനിക്കിലേക്കാണ് പോയത്.
വഴിയിലുളള ഷംസാബാദിലെ ടോൾഗേറ്റിനടുത്ത് സ്കൂട്ടർ നിർത്തി,അവിടെ നിന്ന് ടാക്സിവിളിച്ചാണ് യുവതി നവാബ്പേട്ടിലേക്ക് പോയത്. പ്രതികൾ നാല് പേരും ഇത് ശ്രദ്ധിക്കുകയും യുവതി പോയ ഉടൻ ഇവർ ടയറിന്‍റെ കാറ്റൂരി വിട്ട് യുവതി തിരിച്ചെത്താൻ കാത്തിരുക്കുകയും ചെയ്തു. രാത്രി ഒൻപതരയോടെയാണ് യുവതി തിരിച്ച് എത്തിയത്. ടയർ കേടായത് കണ്ടയുടൻ യുവതി സഹോദരിയെ വിളിച്ച് കാര്യം പറയുകയും ട്രക്ക് ഡ്രൈവർമാർ കുറേപ്പേർ ഉണ്ടെന്നും പേടിയാകുന്നുവെന്നും പറഞ്ഞു.
ഇതിനിടെ പ്രതികളിലൊരാൾ സ്കൂട്ടർ നന്നാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് പ്രിയങ്കയുടെ അടുത്തെത്തി. ഇതിനിടെ വര്‍ക്ഷോപ്പ് തുറന്നിട്ടില്ലെന്ന മറുപടിയുമായി ഒരാൾ അവിടേയ്ക്ക് വന്നു. ഇയാൾക്കൊപ്പം മറ്റ് രണ്ട് പ്രതികളും ചേർന്നു. ട്രക്കുകളുടെ മറവിൽ നിന്നിരുന്ന യുവതിയെ ബലമായി അടുത്തുളള കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയും ഇവിടെ വച്ച് ക്രൂരമായി ബലാത്സംഗവും ചെയ്തു. തുടർന്ന് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ലോറിയിൽ കയറ്റി. രണ്ട് പേർ പമ്പുകളിൽ കറങ്ങി പെട്രോൾ വാങ്ങി. യുവതിയെ ഒഴിഞ്ഞ സ്ഥലത്തെ അടിപ്പാതയിലെത്തിച്ച് പിന്നീട് തീകൊളുത്തുകയായിരുന്നു. സംഭവം നടന്നത് ട്രക്കുകളുടെ മറവിലായതിനാൽ റോഡിലൂടെ പോയവരൊന്നും ഇത് അറിഞ്ഞില്ല