ഇവിടം ഇനങ്ങനെയാണ്,നിയമങ്ങളും,നിയമ സംവിധാനങ്ങളും,ഒച്ചിഴയുന്ന പോലെ മാത്രമേ ഇഴയൂ! അതാകുമ്പോൾ പ്രതികൾക്ക് എത്രയും വേഗത്തിൽ രക്ഷപെടാമല്ലോ! രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു ഡൽഹി നിർഭയ കേസ്.നിർഭയ കേസിൽ,പ്രതികളായ വിനയ് ശർമ, പവൻ ഗുപ്ത, മുകേഷ്, അക്ഷയ് കുമാർ സിങ് എന്നീ നാല് പേരുടെയും വധശിക്ഷ പരമോന്നത നീതിപീഠം കഴിഞ്ഞ മാസം 22 ന് തിഹാർ ജയിലിൽ വച്ച് രാവിലെ ഏഴു മണിക്ക് നാലു വധശിക്ഷ നടപ്പിലാക്കും എന്നായിരുന്നു നാമെല്ലാപേരും കരുതിയിരുന്നത്.
23 കാരിയായ പെൺകുട്ടിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് ഒടുവിൽ മരണത്തിന് കീഴടങ്ങേണ്ടി വന്ന പെൺകുട്ടിയുടെ കേസാണിത്. രണ്ട് ആഴ്ച മരണത്തോട് മല്ലടിച്ച് ആ പെൺകുട്ടി പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ പ്രതിഷേധം അലയടിച്ചിരുന്നു.സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.ദ്വാരകയിൽ നിന്ന് മുനിർക്കയിലേക്ക് ഓട്ടോ കാത്ത് നിന്ന പെൺകുട്ടിക്കും സുഹൃത്തിനും ലഭിച്ചത് ബസാണ്.
ബസ് യാത്ര തുടങ്ങികുറച്ചു ദൂരം പിന്നിട്ടപ്പോൾ മറ്റൊരു വഴിയിലൂടെ ബസ് നീങ്ങുകയും ചെയ്തു. ഈ സമയത്താണ് പെൺകുട്ടിയുട സുഹൃത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്ന ആറ് പേരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ നേരെ തിരിഞ്ഞു.പെൺകുട്ടിയും സുഹൃത്തും ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും അതിക്രൂരമായ ആക്രമണമാണ് ഇവർക്കു നേരെ അരങ്ങേറിയത്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ ആറുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയത്.
പിന്നീട് പെൺകുട്ടിയെയും സുഹൃത്തിനെയും ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. രാത്രി 11 മണിയോടെ ഇതുവഴി പോയ ഒരു യാത്രക്കാരനാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഡിസംബർ 29 ന് സിംഗപ്പൂരിലെ ആശുപത്രിയിൽ പെൺകുട്ടി മരിച്ചു.സുഹൃത്ത് നാളുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യം കൈവരിച്ചു.നിഷ്ടൂരമായ ഈ സംഭവത്തെ തുടർന്ന്, കാട്ടുതീ പടരും പോലെയാണ് രാജ്യത്തിനകത്തും പുറത്തും പ്രതിഷേധങ്ങൾ ആഞ്ഞടിച്ചത്.
തുടർന്ന് തലസ്ഥാനത്ത് യാതൊരു പ്രേരണയുമില്ലാതെ ജനങ്ങൾ ഒഴുകിയെത്തുകയും, നിരവധി പ്രതിഷേധ പ്രകടങ്ങൾ അരങ്ങേറുകയും ചെയ്തു.
മാത്രമല്ല,അക്രമാസക്തരായ ജനങ്ങൾ മെട്രോ സ്റ്റേഷനുകൾ അടച്ചതിന് പുറമേ ഇന്ത്യ ഗേറ്റിലേക്കുള്ള വഴിയെല്ലാം തടസപെടുത്തിയായിരുന്നു! അന്ന് പൊലീസ് പ്രതിഷേധക്കാരുടെ ഒഴുക്ക് തടയാൻ ശ്രമിച്ചു. രാഷ്ട്രപതി ഭവന് മുന്നിൽ കർഫ്യൂ ഏർപ്പെടുത്തിയതിന് പിന്നാലെ നിരോധനാജ്ഞയും പുറപ്പെടുവിച്ചു.
ജനങ്ങളിൽ നിന്ന് മാത്രമല്ല,രാഷ്ട്രീയക്കാരിൽ നിന്ന് പോലും സംഭവത്തിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയർത്തി.
അന്നത്തെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് കുറ്റവാളികളെ മുഴുവൻ തൂക്കിലേറ്റണമെന്ന് വാദിച്ചപ്പോൾ, ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, റേപ് കാപിറ്റൽ എന്നാണ് തലസ്ഥാന നഗരത്തെ വിശേഷിപ്പിച്ചത്.പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രായപൂർത്തിയായ ആളുകൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്കും മൂന്ന് വർഷമാണ് തടവുശിക്ഷ ലഭിച്ചത്.
2015 ൽ ഇയാളെ പുറത്തുവിട്ടു. വിചാരണയ്ക്കിടെയാണ് ജയിലറയിൽ കുറ്റവാളികളിലൊരാളായ രാം സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2013 സെപ്റ്റംബർ 10 ന് മറ്റ് നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയും ചെയ്തു.ഇവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് വിധിയെ എതിർത്ത് വാദിച്ചു. അനുകൂല വിധി ലഭിക്കാതിരുന്നതിനെ തുടർന്ന് ഇവർ പിന്നീട് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയും വിധി ശരിവച്ചിരുന്നു.എന്നാൽ ഇതിനെയെല്ലാം പാടെ മാറ്റുന്ന രീതിയിലായിരുന്നു,
തുടർന്നുള്ള സംഭവങ്ങൾ നടന്നത്. ഒരേ രീതിയിൽ ഹർജികളുടെ മേളമായിരുന്നു പിന്നീട്! കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹർജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകൾക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാർ ദയാഹർജി സമർപ്പിച്ചു. മുകേഷ് കുമാർ സിങ്ങിന്റെ ഹർജി നേരത്തേ തള്ളിയിരുന്നു. പവൻ ഗുപ്തയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു പ്രതി. അഭിഭാഷകൻ എ.പി.സിങ്ങാണ് അക്ഷയ്കുമാർ, പവൻ ഗുപ്ത, വിനയ്‌കുമാർ എന്നിവർക്കു വേണ്ടി ഹാജരായത്.
മുതിർന്ന അഭിഭാഷക റെബേക്കാ ജോണാണ് മുകേഷ് കുമാറിനു വേണ്ടി ഹാജരായത്.നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രസർക്കാരിന്റെ ഹര്‍ജി എത്തിയത്.എന്നാൽ ഡൽഹി ഹൈ കോടതി ഇത് തള്ളി കളഞ്ഞു.ഒപ്പം പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ സാധിക്കില്ല. പ്രതികൾക്കു ശിക്ഷ ഒരുമിച്ചു നൽകണമെന്നും ഉത്തരവിട്ടു.നിയമ നടപടികൾ തീർക്കാൻ പ്രതികൾക്ക് ഒരാഴ്ച സമയം അനുവദിച്ചു.മാത്രമല്ല ഒരാഴ്ചയ്ക്കു ശേഷം വധശിക്ഷയ്ക്കുള്ള നടപടികൾ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.
കുറ്റവാളികളുടെ വധശിക്ഷയ്‍ക്കുള്ള മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെയാണു കേന്ദ്ര സർക്കാരും തിഹാർ ജയിൽ അധികൃതരും ഹര്‍ജി നല്‍കിയത്.ദയാഹര്‍ജികള്‍ തള്ളപ്പെട്ട പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. അനിവാര്യമായത് നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രം. നിയമപോംവഴിക്കു പ്രതികൾ കാലതാമസം വരുത്തുകയും രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നതായും തുഷാർ മേത്ത വാദിച്ചു.എന്നാൽ, ജയിൽച്ചട്ടം പ്രകാരം ഒരേ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ ഒന്നിച്ചേ നടപ്പാക്കാൻ കഴിയുവെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.
എന്നാൽ നാമെല്ലാപേരും ഇപ്പോഴും ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. ഇത്രയും കഠിനമായ ക്രൂര കൃത്യം നടത്തിയ, നികൃഷ്ടരായ ആ പ്രതികൾക്ക് ഇനിയും എന്തിനാണ് നിയമ സംരക്ഷണം നൽകുന്നതെന്ന്! നാളെ നമ്മുടെ വീട്ടിലെ ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒന്ന് സംഭവിച്ചാൽ നാമും,ഇതുപോലെ കോടതി വരാന്ത കേറിയിറങ്ങേണ്ടി വരില്ലേ! അതെ ഇതാണ് നമ്മുടെ രാജ്യം! ഇന്ത്യ എന്ന മഹാ രാജ്യം! ഇവിടെ ഇനങ്ങനെയൊക്കെ സംഭവിക്കൂ.ഇനി എന്തൊക്കെ സംഭവിച്ചാലും, പീഡന വിവരന്മാരെയും, ബാലസംഘ പ്രതികളെയും രക്ഷിക്കാൻ നമ്മുടെ രാജ്യത്തിനു സാധിക്കും.
പത്തറുപതു വയസുള്ളവൻ ചെയ്ത അതെ കുറ്റം പതിമൂന്നു വയസ്സുകാരൻ ചെയ്താലോ,അതിനു പിന്നിലും കാണും അവനെ രക്ഷിക്കാനുള്ള മനുഷ്യാവകാശ നിയമവും,മറ്റും.അപ്പോഴും,ഒരു കോടതിയും, ഒരു നിയമവും ചിന്തിക്കില്ല, മരണമടഞ്ഞ പെൺകുട്ടിക്കുണ്ടായിരുന്ന സ്വപ്നങ്ങളും,ജീവിക്കാനുള്ള തുല്യ അവകാശവും! എത്രയൊക്കെ പുരോഗമനം രാജ്യത്ത് ഉണ്ടായാലും,ഇന്ത്യ എന്ന മഹാ രാജ്യത്ത് പീഡനത്തിന് ഒരു കുറവും കാണാനില്ല, മാത്രമല്ല പീഡന സിംഹങ്ങളെ വളർത്തുന്ന മറ്റൊരു രാജ്യവും ഈ ദുനിയാവിൽ ഇനി ഉണ്ടാകത്തുമില്ല.