നടിയെ ആക്രമിച്ച കേസിൽ ഇന്നു നടക്കുന്നത് നിർണായകമായ വിസ്താരങ്ങളാണ്. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യാമാധവന്റെ മാതാവ് ശ്യാമള മാധവനെയും കോടതിയിൽ വിസ്തരിക്കും.ദിലീപിന് കാവ്യയുമായി അടുപ്പം ഉണ്ടെന്ന് മഞ്ജു വാര്യരെ ആദ്യം അറിയിക്കുന്നത് കാവ്യയുടെ അമ്മയാണ്. മാത്രമല്ല അന്ന് ദിലീപ്-കാവ്യ വിവാഹം നടന്നിരുന്നില്ല.
ഇക്കാര്യം ശ്യാമള നേരത്തെ നൽകിയ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിലെ വിസ്താരം. ശ്യാമളയിൽ നിന്ന് ഈ വിവരം അറിഞ്ഞതോടെയാണ് മഞ്ജു വാര്യർ - ദിലീപ് ബന്ധത്തിൽ ഉലച്ചിൽ ആരംഭിക്കുന്നത്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് താരസംഘടനയായ അമ്മയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ഇടവേള ബാബു.
കേസിലെ നിർണായ സാക്ഷികളാണ് ഇടവേള ബാബുവും കാവ്യയുടെ അമ്മ ശ്യാമളയും. അതേസമയം ഇന്നലെ റിമി ടോമി നൽകിയ മൊഴി ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുള്ള വൈരാഗ്യത്തിന് തെളിവായിറ്റിയുള്ളതു തന്നെയായാരുന്നു.
പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് നടനാണെന്നതിൽ ഉറപ്പില്ലെങ്കിലും ഗൂഢാലോചന തെളിയിക്കാൻ റിമിയുടെ മൊഴി ഉപകരിക്കും എന്ന നിഗമനത്തിലാണ് പ്രോസിക്യൂഷൻ.
നടിയെ ആക്രമിച്ച കേസിൽ ഗായിക റിമി ടോമി,പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ എന്നിവരുടെ വിസ്താരമാണ് ഇന്ന് പൂർത്തിയായത്. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇവരുടെ സുഹൃത്തുകൂടിയായ റിമി ടോമിക്ക് അറിയാമെന്ന് നേരത്തെ കേസന്വേഷണ വേളയിൽ പൊലീസിന് ബോധ്യപ്പെട്ടിരുന്നു. ദിലീപും നടിയും പങ്കെടുത്ത അമേരിക്കൻ ഷോയിൽ റിമി ടോമിയും ഉണ്ടായിരുന്നു.
ഇവിടെ വെച്ചുണ്ടായ പ്രശ്നങ്ങൾ ഉൾപ്പടെ റിമി അന്വേഷണ സംഘത്തോട് വിവരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിമിയെ പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. അതിനാൽ സാക്ഷി വിസ്താരത്തിന്റെ ഭാഗമായി റിമി നൽകിയ മൊഴി കേസിൽ ഏറെ നിർണ്ണായകമാണ്.ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂർത്തിയായി. 136 സാക്ഷികൾക്കാണ് കോടതി ആദ്യഘട്ടത്തിൽ സമൻസ് അയച്ചിട്ടുള്ളത്.
ഏപ്രിൽ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്.അതേസമയം, ഇന്നലെ ഹാജരാകേണ്ടിയിരുന്ന മുകേഷും കോടതിയിൽ അവധി അപേക്ഷ നൽകി. നിയമസഭ നടക്കുന്നതിനാൽ അവധി അനുവദിക്കണമെന്നാണ് മുകേഷിന്റെ ആവശ്യം. ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, ലാൽ എന്നിവരെ കോടതി നേരത്തെ വിസ്തരിച്ചു. സംയുക്ത വർമ്മയെ സാക്ഷിപ്പട്ടികയിൽ നിന്ന് പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു.