
ആദ്യമായി അറിയേണ്ടത് സാനിറ്ററി നാപ്കിനുകൾ പോലെ, ടാമ്പൂണുകൾ പോലെ സുരക്ഷിതമായ ഒന്നു തന്നെയാണ് മെൻസ്ട്രൽ കപ്പുകൾ എന്നതാണ്. സാധാരണ ഗതിയിൽ ഒരു സ്ത്രീ ജീവിത കാലത്ത് 11000 സാനിറ്ററി പാഡുകൾ ഉപയോഗിയ്ക്കുന്നുവെന്നതാണ് ഏകദേശ കണക്ക്. ഇതുണ്ടാകുന്ന പ്രകൃതിപരമായ ദോഷങ്ങൾ വേറെയും. ഇത് നശിപ്പിച്ചു കളയാനുളള ബുദ്ധിമുട്ട് എന്നതാണ് ഉദ്ദേശിയ്ക്കുന്നത്.ഒരു കപ്പു വാങ്ങിയാൽ 10 വർഷം വരെ ഉപയോഗിയ്ക്കാൻ സാധിയ്ക്കും. കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുവാൻ പറ്റുന്ന തരത്തിലുള്ളതാണ് കപ്പ്. സാനിറ്ററി നാപ്കിൻ പോലുള്ള ചിലവുണ്ടാകുന്നുമില്ല. മെൻസ്ട്രൽ കപ്പ് ഉള്ളിലേയ്ക്കു കയറ്റി വച്ചാൽ ഇത് 10-12 മണിക്കൂർ കഴിഞ്ഞാൽ പുറത്തെടുക്കുക. കഴുകി വീണ്ടും ഉപയോഗിയ്ക്കാം. ഉപയോഗം കഴിഞ്ഞാൽ പിന്നീട് ഇത് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകി വൃത്തിയാക്കി ഉണക്കി എടുത്ത് അടുത്ത തവണ ഉപയോഗിയ്ക്കാം.
കൂടുതൽ ബ്ലീഡിംഗ് ഉള്ളവർക്ക് നാലഞ്ച് മണിക്കൂർ കൂടുമ്പോൾ ഇത് മാറ്റേണ്ടി വന്നേക്കാം. വജൈനയ്ക്കുള്ളിലേയ്ക്ക് ഇതു കടത്തുവാൻ ആദ്യം ഭയം തോന്നിയേക്കാം. ഇതിന്റെ ആവശ്യമില്ല. വേദനയുണ്ടാക്കുന്ന ഒന്നല്ല, ഇത്. യൂ ട്യൂബിലും മറ്റും ഇത് ഉള്ളിലേയ്ക്കു കടത്തുന്നതെങ്ങനെ എന്നു കാണിയ്ക്കുന്ന ധാരാളം വീഡിയോകളുണ്ട്. ഇത് അൽപം മടങ്ങിയ രീതിയിൽ പിടിച്ച് ഉള്ളിലേയ്ക്കു നിക്ഷേപിയ്ക്കുകയാണ് ചെയ്യുന്നത്. ആദ്യം ചെയ്യുവാൻ അൽപം പ്രയാസമുണ്ടാകുകയാണെങ്കിലും പിന്നീട് ഇത് എളുപ്പമാകും.ഇത് ലൈംഗിക ബന്ധത്തിന് തടസം നിൽക്കില്ല. ചരിഞ്ഞാലോ ഇരുന്നാലോ കമഴ്ന്നാലോ ഇതു പൊസിഷൻ മാറി ലീക്കിംഗ് ഉണ്ടാകുമെന്ന ഭയവും വേണ്ട. കൃത്യമായ രീതിയിൽ വച്ചാൽ ഇതു യാതൊരു പ്രശ്‌നങ്ങളുമുണ്ടാക്കില്ല.
ആദ്യം ഇതുപയോഗിയ്ക്കുമ്പോൾ ഇത്തരം ഭയങ്ങളെങ്കിൽ സാനിറ്റഡി പാഡ് കൂടി അധിക ഉറപ്പിന് ഉപയോഗിയ്ക്കാം.ഇടയ്ക്കിടെ പാഡു മാറുകയെന്ന ബുദ്ധിമുട്ടുമില്ല. മൂത്ര വിസർജന സമയത്ത് രക്തം എന്ന ബുദ്ധിമുട്ടുമുണ്ടാകില്ല. യാത്രകളിൽ ഏറെ സുരക്ഷിതമായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ഇതു വച്ചാൽ ഗർഭധാരണം പോലുള്ളവയ്ക്കു ബുദ്ധിമുട്ടുണ്ടാകുമോയെന്ന ചിന്തയും വേണ്ട. ആർത്തവം എന്ന ചിന്തയില്ലാതെ, രക്തക്കറകളെ ഭയക്കാതെ, പാഡു മാറേണ്ട ടെൻഷനില്ലാതെ ഉപയോഗിയ്ക്കുവാൻ പറ്റിയതാണ് ഇത്.
ആർത്തവം കഴിഞ്ഞ് ഇതു കഴുകി മുങ്ങിക്കിടക്കുന്ന വിധത്തിൽ ചൂടു വെള്ളത്തിൽ ഇട്ടു വച്ച് തിളപ്പിച്ച് ഇത് കഴുകിയെടുക്കാം. ഇതിന് വ്യത്യസ്ത സൈസുകളിലും ലഭ്യമാണ്. സ്‌മോൾ, മീഡിയം, ലാർജ് എന്നിങ്ങനെ മൂന്നു തരമുണ്ട്. 30 വയസിനു മുകളിൽ, പ്രസവം, സിസേറിയൻ കഴിഞ്ഞവർക്കാണ് ലാർജ് വേണ്ടത്. തീരെ ചെറിയെ പെൺകുട്ടികൾക്കാണ് ചെറുത്. മീഡിയമാണ് മറ്റുള്ളവർക്ക്. കോപ്പർ ടി പോലുള്ളവ ഉപയോഗിയ്ക്കുന്നവർക്കും വയ്ക്കാം.