കേരളത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ഇതാണ്.  1963 ലാണ് 25 കാരിയായ അന്നമ്മ ജേക്കബിനെ വനിതാ അംഗമായി തെരഞ്ഞെടുത്തത്. ശേഷം വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1968 ലും പഞ്ചായത്ത് പ്രസിഡൻ്റായി അന്നമ്മ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.വനിതാ പ്രാതിനിധ്യ പ്രകാരം പഞ്ചായത്ത് പ്രസിഡൻ്റുമാർ ഉണ്ടാകുന്നതിനു മുൻപ് കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ പഞ്ചായത്ത് പ്രസിഡൻ്റാണ് ഊന്നുകൽ മാറാഞ്ചേരി അന്നമ്മ ജേക്കബ്.  1979 വരെ സ്ഥാനത്ത് തുടർന്നു. പഠനം കഴിഞ്ഞപ്പോൾ തന്നെ ലഭിച്ച ജോലി വാഗ്ദാനം നിരസിച്ചാണ് അന്നമ്മ ലാഭേച്ഛയില്ലാതെ കർമ്മരംഗത്തിറങ്ങിയത്. ഇപ്പോൾ 84 ലും ചുറുചുറുക്കോടെ ജീവിക്കുന്ന അന്നമ്മ ആദ്യത്തെ തെരഞ്ഞെടുപ്പിന് ശേഷം 1979 മാത്രമാണ് ഒരിക്കൽക്കൂടി മത്സരിച്ചത്.



  ഇണപ്രാവ് ചിഹ്നത്തിൽ മത്സരിച്ച് ജില്ലയിലെ തന്നെ ഉയർന്ന ഭൂരിപക്ഷത്തോടെ അന്ന് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ മുന്നണികൾ പലതും ക്ഷണിച്ചെങ്കിലും അന്നമ്മ ജേക്കബ് തയാറായില്ല. സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി മാത്രം ഒരിക്കൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇല്ലിപ്പറമ്പിൽ ഇക്കച്ചനെയാണ് അന്നമ്മ പരാജയപ്പെടുത്തിയത്.  മകനും റിട്ട പ്രൊഫസറുമായ ബെന്നിക്കൊപ്പമാണ് അന്നമ്മ ജേക്കബ് താമസിക്കുന്നത്. പാടത്തും പറമ്പിലുമുള്ള പണിക്കാർക്ക് നിർദേശങ്ങൾ നൽകി ഇപ്പോൾ അന്നമ്മ ജേക്കബ് കാർഷിക രംഗത്ത് സജീവമാണ്. ഇന്നത്തെ പോലെ പഞ്ചായത്തുകൾക്ക് അക്കാലത്ത് തനത് ഫണ്ടില്ല. സർക്കാർ അനുവദിക്കുന്ന പണമോ അല്ലെങ്കിൽ സർക്കാരിനോടു ചോദിച്ചു വാങ്ങുന്ന തുകയുമാണ് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതെന്ന് അന്നമ്മ ജേക്കബ് പറയുന്നു.



  പൊതുരംഗത്തു നിന്ന് പിൻമാറിയ ശേഷം നമ്പൂരിക്കൂപ്പിലുള്ള വീടിനോട് ചേർന്നുള്ള 13 ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷിപ്പണിയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പതിവുപോലെ കഴിവുള്ള സ്ഥാനാർഥികൾക്ക് വോട്ട് നൽകുക എന്നതാണ് അന്നമ്മയുടെ നയം. അവിടെ രാഷ്ട്രീയത്തിന് സ്ഥാനമില്ല. മണിമരതുംചാൽ സ്കൂൾ, നേര്യമംഗലത്ത് ആരോഗ്യ കേന്ദ്രം, നാട്ടിൽ വൈദ്യുതി തുടങ്ങിയവയൊക്കെ അന്നത്തെ നേട്ടങ്ങളായി അന്നമ്മ ചൂണ്ടിക്കാട്ടുന്നു.


  കഴിവും സേവന മനസ്ഥിതിയും നിഷ്പക്ഷതയുമുള്ള വനിതകളായിരിക്കണം സ്ഥാനാർഥികളാകേണ്ടതെന്നും പണ്ട് ഇത്രയും രാഷ്ട്രീയ അതിപ്രസരം ഉണ്ടായിരുന്നില്ലെന്നും അന്നമ്മ ജേക്കബ് പറഞ്ഞു.അക്കാലത്ത് ഹോണറേറിയം ഉണ്ടായിരുന്നില്ല. പ്രസിഡൻ്റിനു 30 രൂപയും സംഘത്തിന് 20 രൂപയും സിറ്റിംഗ് ഫീസായി ലഭിക്കുമായിരുന്നുവെന്നും അന്നമ്മ ഓർമ്മിക്കുന്നു. 

Find out more: